സൂറത്തുൽ ഫാതിഹ – ഫീ രിയാളി തഫ്സീർ

പരിഭാഷ: സുഹൈൽ ഖൈരി

മക്കയിൽ ഇറങ്ങിയത്

ഏഴ് ആയത്തുകൾ


ഈ സൂറത്ത് മക്കിയാവാൻ കാരണം നിസ്കാരം മക്കയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത് എന്നത് കൊണ്ടാണ്, ഫാതിഹയില്ലാതെ നിസ്കാരം അനുവദിക്കപ്പെടുകയില്ലല്ലോ. ഈ സൂറത്ത് മക്കിയാണെന്നതിൽ (ഉലമാക്കളുടെ) ഇജ്മായുണ്ട്. ചില വ്യാഖ്യാതാക്കൾ പറയുന്നത് ഈ സൂറത്ത് രണ്ടു തവണയായി ഇറക്കപ്പെട്ടുവെന്നാണ്. (നമ്മളതിനാൽ ഇജ്മായുള്ള അഭിപ്രായമെടുത്തുകൊണ്ട് പറയുന്നു), ഈ സൂറത്ത് 7 ആയത്തുകളടങ്ങിയ മക്കിയായ സൂറത്താണ്. 

ഫാതിഹത് അൽ കിതാബിനെ വ്യത്യസ്ത പേരുകൾ കൊണ്ട് വിളിക്കപ്പെടാറുണ്ട്. ഒരുപാട് പേരുകളുണ്ടാവുന്നത് ആ പേരുകൾ നൽകപ്പെട്ടതിന്റെ പവിത്രതയെ സൂചിപ്പിക്കുന്നു. ഇതിന്റെ പേരുകളിൽപ്പെട്ടതാണ് ‘ഫാതിഹത് അൽ കിതാബ്’, അതായത് കിതാബിന്റെ തുടക്കമെന്നർത്ഥം. ‘ആഫിയ’ എന്ന വാക്കിനെ പോലെ ഒരു ‘മസ്ദർ’ ആണത്. ഇതിനെ ‘ഉമ്മുൽ ഖുർആൻ’ എന്നും ‘ഉമ്മുൽ കിതാബ്’ എന്നും ‘അൽ സബ്ഉൽ മസാനി വൽ ഖുർആൻ അൽ അസീം’ എന്നും വിളിക്കപ്പെടാറുണ്ട്. 

وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ

ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുർആനും തീർച്ചയായും നിങ്ങൾക്ക് നാം നൽകിയിട്ടുണ്ട്.

لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ

അവരിൽപ്പെട്ട പല വിഭാഗക്കാർക്കും നാം സുഖഭോഗങ്ങൾ നൽകിയിട്ടുള്ളതിൻ്റെ നേർക്ക് നിങ്ങൾ നിങ്ങളുടെ ദൃഷ്ടികൾ നീട്ടരുതെ. (ഖുർആൻ 15: 87,88)

ഈ സൂറത്തിനെ ‘അൽ കൻസ്’ എന്നും വിളിക്കാറുണ്ട്, കാരണം റസൂൽ(       ﷺ) തങ്ങൾ പറഞ്ഞു: ”ഈ സൂറത്തിനെ അർഷിന്റെ താഴെ നിന്നുള്ള ഒരു കൻസ് (നിധി) ആയിട്ടാണ് എനിക്കിറക്കപ്പെട്ടിട്ടുള്ളത്”. ഇതിനെ ‘സൂറതു സ്വലാത്’ എന്നും വിളിക്കാറുണ്ട്. കാരണം ഇത് പാരായണം ചെയ്യാതെ നിസ്കാരം ശരിയാവുകയില്ല. ഇതിനെ ‘അൽ സ്വലാത്’ എന്നും വിളിക്കാറുണ്ട്. ഫാതിഹയെ ‘അൽ സ്വലാത്’ എന്ന് വിളിക്കപ്പെടാനുള്ള കാരണം ഒരു ഹദീസാണ്: “നിസ്കാരം എനിക്കും എന്റെ അടിമക്കുമിടയിൽ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, പകുതി എന്റെ അടിമക്കുള്ളതാണ് പകുതി എനിക്കുള്ളതുമാണ്, എന്റെ അടിമ എന്താണോ ചോദിക്കുന്നത് അതവന് ലഭിക്കുന്നതാണ്”. ഇതിനെ ‘ദുആ’ എന്നും വിളിക്കപ്പെടാറുണ്ട്. ഇതിനെ ‘തഅലീമു ദുആ’ (ദുആഇന്റെ പാഠം) എന്നും വിളിക്കപ്പെടാറുണ്ട്. ഇതിനെ ‘അൽ കാഫിയ’ (മതിയായത്) എന്നും വിളിക്കപ്പെടാറുണ്ട്. ഇതിനെ ‘അൽ വാഖിഅ’ (സംരക്ഷണം നൽകുന്നത്) എന്നും വിളിക്കപ്പെടാറുണ്ട്. ഇതിനെ ‘അൽ റുഖിയ’ (ഓതി രോഗശമനം വരുത്തുന്നത്) എന്നും വിളിക്കപ്പെടാറുണ്ട്, കാരണം ഇങ്ങനെ ഒരു ഹദീസുണ്ട്: “അത് ഓതി രോഗശമനം വരുത്തുന്നതാണെന്ന് നിങ്ങൾക്ക് അറിയില്ലേ?”, ഇതിനെ ‘അൽ റാഖിയ’ (അതിയായി ആദരിക്കപ്പെട്ടത്) എന്നും വിളിക്കാറുണ്ട്, ഇതിനെ ‘അൽ ശിഫ’ (ശമനം നൽകുന്നത്) എന്നും വിളിക്കാറുണ്ട്, കാരണം ഹദീസിൽ വന്നിട്ടുണ്ട്: “ഫാതിഹ മരണമല്ലാത്ത എല്ലാ അസുഖത്തിനുമുള്ള ശമനമാണ്”. ഇതിനെ ‘അൽ അസാസ്’ (അടിസ്ഥാനം) എന്നും വിളിക്കപ്പെടാറുണ്ട്, കാരണം ഇത് ഇസ്ലാം ദീനിന്റെ അടിസ്ഥാനമാണ്. ഇതിനെ ‘അൽ നൂർ’ (പ്രകാശം) എന്നും വിളിക്കാറുണ്ട്. ഇതിനെ ‘സൂറത് അൽ ഹമദ്’ എന്നും വിളിക്കാറുണ്ട്. ഇതിനെ ‘സൂറത്ത് അൽ ശുക്ർ’ എന്നും വിളിക്കപ്പെടാറുണ്ട്. ഇവയെല്ലാം ഈ സൂറത്തിന്റെ പേരുകളാണ്, ഖുർആനിലെ ഏറ്റവും മഹത്വമുള്ള സൂറത്താണിത്.

റസൂൽ(       ﷺ) തങ്ങൾ ചോദിച്ചു: “ഖുർആനിൽ ഏറ്റവും മഹത്വമുള്ള ഭാഗം ഏതാണ്?”, സ്വഹാബത്ത് പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം”, അപ്പോൾ റസൂൽ(       ﷺ) തങ്ങൾ പറഞ്ഞു: “ഫാതിഹ”. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ഹസ്സൻ ബിൻ അലി(റ) ന് തീവ്രമായ അസുഖം പിടിപെട്ടു, അവരുടെ ഈ അവസ്ഥ കണ്ടിട്ട് റസൂൽ(       ﷺ) തങ്ങൾക്ക് സങ്കടം വന്നു. അപ്പോൾ ജിബ്രീൽ(അ) ഇറങ്ങി വന്ന് കൊണ്ട് പറഞ്ഞു: “അവർക്ക് അസുഖത്തിൽ നിന്നും സുഖം പ്രാപിക്കാൻ നിങ്ങൾ ‘ഫ’ എന്ന അക്ഷരമില്ലാത്ത സൂറത്തുൽ ഫാതിഹ ഓതുക, എന്നിട്ട് വെള്ളത്തിൽ മന്ത്രിച്ച് അൽ ഹസ്സൻ(റ) നെ കുളിപ്പിക്കുക”. റസൂൽ(       ﷺ) തങ്ങൾ ആ സൂറത്തിൽ ‘ഫ’ എന്ന അക്ഷരം പരതി, അങ്ങനെ ഫാതിഹയിൽ വേർപ്പാടിനെ (ഫറഖിനെ) സൂചിപ്പിക്കുന്ന ‘ഫ’ എന്ന അക്ഷരമില്ല എന്ന് മനസ്സിലായി. റസൂൽ(       ﷺ) തങ്ങൾ അത് ഓതി വെള്ളത്തിൽ മന്ത്രിച്ച് അൽ ഹസ്സൻ(റ) നെ ആ വെള്ളത്തിൽ കുളിപ്പിച്ചു, അങ്ങനെ പെട്ടെന്ന് തന്നെ അവർക്ക് ശമനം ലഭിച്ചു, ഒരു കെട്ടിക്കുടുങ്ങിയത് അഴിച്ച് മാറ്റിയത് പോലെ. അപ്പോൾ റസൂൽ(       ﷺ) തങ്ങൾ പറഞ്ഞു: “ഇത് മരണമല്ലാത്ത എല്ലാത്തിനുമുള്ള ശമനമാണ്”

ഒരു കൂട്ടം സ്വഹാബാക്കൾ ഒരു യാത്രക്ക് പുറപ്പെട്ടു, അങ്ങനെ അവർ അറബികൾ വസിക്കുന്ന സ്ഥലത്ത് തമ്പടിച്ചു, അവർ അറബികളോട് ഭക്ഷണം ചോദിച്ചു, പക്ഷെ അവരത് കൊടുത്തില്ല. ആ നാട്ടിലുള്ളവർ പിശുക്ക് കാരണം അവർക്ക് ഭക്ഷണം കൊടുക്കുന്നത് നിരസിച്ചു. ആ രാത്രി ഒരു പാമ്പ് അവരുടെ നേതാവിനെ കടിച്ചു. അവർ അതിഥികളുടെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു: “റുഖിയ (മന്ത്രം) കൊണ്ട് രോഗശനം നടത്തുന്ന ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?” ഒരു സ്വഹാബി പറഞ്ഞു: “അതെ, ഞാൻ റുഖിയ കൊണ്ട് രോഗശമനം ചെയ്യാം, പക്ഷെ നമ്മൾ നിങ്ങളോട് രാത്രി ഭക്ഷണം ചോദിച്ചിട്ട് നിങ്ങളത് നമ്മൾക്ക് തന്നില്ല, അതുകൊണ്ട് നിങ്ങൾ നമ്മൾക്ക് എന്തെങ്കിലും വില നൽകാതെ നമ്മൾ നിങ്ങൾക്ക് റുഖിയ ചെയ്ത് തരില്ല”. അവർ ചോദിച്ചു: “എത്രയാണ് നിങ്ങളുടെ വില?”, സ്വഹാബി പറഞ്ഞു: “ഒരു കൂട്ടം ചെമ്മരിയാട്”, അങ്ങനെ അവർ ആ സ്വഹാബിക്ക് ഒരു കൂട്ടം ചെമ്മരിയാടിനെ നൽകി. ശേഷം സ്വഹാബി അവരുടെ നേതാവിന്റെ മുകളിൽ ഫാതിഹ ഓതി മന്ത്രിച്ചു, അങ്ങനെ വിഷം പുറത്തിറങ്ങി, അദ്ദേഹത്തിന് പെട്ടെന്ന് തന്നെ ശമനമുണ്ടായി. ആ മനുഷ്യനപ്പോൾ പറഞ്ഞു: “ഞാനീ കൂട്ടം ചെമ്മരിയാടിനെ റസൂൽ(       ﷺ) തങ്ങളുടെ അടുത്തേക്ക് അയക്കും. എന്നിട്ട് ഇത് ഹലാലാണോ അതോ ഹറാമാണോ എന്ന് ചോദിക്കും”, അങ്ങനെ അദ്ദേഹം റസൂൽ(       ﷺ) തങ്ങളുടെ അടുത്ത് വന്ന് ഈ വാർത്ത അറിയിച്ചുകൊടുത്തു. അപ്പോൾ റസൂൽ(       ﷺ) തങ്ങൾ പറഞ്ഞു: “നിങ്ങൾക്കറിയില്ലേ…? ഫാതിഹ റുഖിയ ആണെന്ന്? നിങ്ങൾ ചെമ്മരിയാടിന്റെ കൂട്ടത്തെ നിങ്ങൾക്കിടയിൽ വിഭജിക്കുക, ഒരു ഭാഗം എനിക്കും മാറ്റി വെക്കുക”. അങ്ങനെ അവർക്കത് ഹലാലാണെന്ന് മനസ്സിലായി. ഈ കാരണം കൊണ്ടാണ് ഈ സൂറത്തിനെ ‘അൽ റുഖിയ’ എന്ന് വിളിക്കപ്പെടുന്നത്.

ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, റസൂൽ(       ﷺ) തങ്ങൾ പറഞ്ഞു: “അല്ലാഹു 104 കിതാബുകൾ ഇറക്കി, 50 കിതാബുകൾ ആദമിന്റെ(അ) മകൻ ഷീസ്(അ)നാണ് നൽകപ്പെട്ടത്. 30 കിതാബുകൾ ഇദ്രീസ്(അ)നാണ് നൽകപ്പെട്ടത്, 10 കിതാബുകൾ ഇബ്റാഹീം(അ)നാണ് നൽകപ്പെട്ടത്, 10 കിതാബുകൾ മൂസ(അ)ന് തൗറാത്ത് ഇറക്കപ്പെടുന്നതിന്റെ മുമ്പ് നൽകി, ശേഷം തൗറാത്തും നൽകി, പിന്നെയുള്ളത് സബൂറും ഇഞ്ചീലും ഫുർഖാനുമാണ്”.  ഈ എല്ലാ കിതാബുകളും അവസാനത്തെ നാലിൽ ഒരുമിച്ച് കൂട്ടപ്പെട്ടിട്ടുണ്ട്, അവസാനത്തെ നാല് കിതാബുകളും ഫുർഖാനിൽ (ഖുർആനിൽ) ഒരുമിച്ച് കൂട്ടപ്പെട്ടിട്ടുണ്ട്, എന്നാൽ ഫുർഖാൻ മുഴുവനും ഫാതിഹയിൽ ഒരുമിച്ച് കൂട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും ഫാതിഹ ഓതിയാൽ അവൻ ഖുർആൻ മുഴുവൻ ഓതിയത് പോലെയാണ്, ഖുർആൻ ഓതുന്നത് നാല് കിതാബുകൾ ഓതിയത് പോലെയാണ്, നാല് കിതാബുകൾ ഓതുന്നത് ഇറക്കപ്പെട്ട എല്ലാ കിതാബുകളും ഓതുന്നത് പോലെയാണ്. ഈ കിതാബുകളിലുള്ളത് മുഴുവനും ഖുർആനിലുണ്ട്.

ഖുർആനിൽ ഒൻപത് പ്രമേയങ്ങളാണടങ്ങിയിട്ടുള്ളത്. (ഒന്നാമത്തേത്) ഹംദാണ്, നിങ്ങൾക്ക് ഖുർആനിൽ അല്ലാഹുവിനെ സ്തുതിക്കുന്ന അവനെ വാഴ്ത്തുന്ന ആയത്തുകൾ കാണാൻ പറ്റും. (രണ്ടാമത്തേത്) ശുഭവാർത്തകളും താക്കീതുകളുമാണ്. പിന്നെ ശരീഅത്തും ഹഖീഖതും പറയുന്ന ഭാഗങ്ങളും ഖുർആനിൽ കാണാം. നിങ്ങൾക്ക് ഖുർആനിൽ ദുആകളും കാണാം. അതുപോലെത്തന്നെ ഖുർആനിൽ കഥകളുമുണ്ട്, മുമ്പ് കഴിഞ്ഞുപോയവരുടെ കഥകൾ. അതുപോലെത്തന്നെ നിങ്ങൾക്ക് ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും, (മറഞ്ഞ ലോകത്തുനിന്നുള്ള) വാർത്തകളും തൗഹീദിനെ കുറിച്ചുള്ളതുമായ ആയത്തുകളും കാണാം.

“സ്തുതി അല്ലാഹുവിനാകുന്നു” <ٱلۡحَمۡدُ لِلَّهِ>, പരിശുദ്ധ ഖുർആനിൽ ഉൾക്കൊണ്ടിട്ടുള്ള അല്ലാഹുവിലേക്കുള്ള എല്ലാ സ്തുതിയും നന്ദിപ്രകടനവും കൃതജ്ഞതയും ഈ വാക്യം ഉൾക്കൊള്ളുന്നുണ്ട്. ഖുർആനിലടങ്ങിയിട്ടുള്ള അല്ലാഹുവിനുള്ള സ്തുതിയും നന്ദിപ്രകടനവും “ٱلۡحَمۡدُ لِلَّهِ” എന്ന വാക്യത്തിൽ മുഴുവനായും ഉൾക്കൊണ്ടിട്ടുണ്ട്. <رَبِّ ٱلۡعَٰلَمِينَ> (ഈ പ്രപഞ്ചത്തിന്റെ ഉടമസ്ഥൻ) എന്നത് തൗഹീദിന്റെ ഒരു പ്രകാശനമാണ്. <ٱلرَّحۡمَٰنِ ٱلرَّحِيمِ> (പരമകാരുണികനും കരുണാനിധിയും) എന്നതൊരു ശുഭവാർത്തയാണ്.  <مَٰلِكِ يَوۡمِ ٱلدِّينِ> (വിചാരണ ദിവസത്തിന്റെ ഉടമസ്ഥനായ (അല്ലാഹുവിന്)) എന്നതൊരു താക്കീതാണ്.  <إِيَّاكَ نَعۡبُدُ> (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു) എന്നത് ശരീഅത്തിന്റെ വാചകമാണ്, <وَإِيَّاكَ نَسۡتَعِينُ> (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്നത് ഹഖീഖത്തിന്റെ വാചകമാണ്.  <ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ> (ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ) എന്നത്  ദുആയാണ്.  <صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ > (നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ) എന്നത് കഥ പറയുന്നതിലേക്കുള്ള ഒരു ആമുഖമാണ്.  < عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ> (കോപത്തിന് ഇരയായവരുടെ മാർഗ്ഗത്തിലല്ല, പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല) എന്നത് ഉപദേശങ്ങളുടെയും ഓർമ്മപ്പെടുത്തലുകളുടെയും പ്രമേയങ്ങളെ പരിചയപ്പെടുത്തുന്നു.

 ഫാതിഹയിൽ അല്ലാഹു അവന്റെ അഞ്ച് പേരുകൾ പറയുന്നുണ്ട്: ٱللَّهِ എന്ന പേര്, رَبِّ എന്ന പേര്, ٱلرَّحۡمَٰنِ എന്ന പേര്, ٱلرَّحِيمِ എന്ന പേര്, مَٰلِكِ يَوۡمِ ٱلدِّينِ എന്ന പേര്. ഈ നാമങ്ങൾ ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളുടെ ഉത്ഭവങ്ങളാണ്. ഇസ്ലാം അഞ്ച് സ്തംഭങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. (ഒന്നാമത്തേത്) ശഹാദത്താണ്: لا إله إلا الله , لا إله إلا الله എന്ന കലിമത്തിന്റെ അർഥം ٱللَّهِ എന്ന പേരിലുണ്ട്. (രണ്ടാമത്തേത്) നിസ്കാരം നിലനിർത്തലാണ്, അത് رَبِّ എന്ന പേരിലടങ്ങിയിട്ടുണ്ട്. കാരണം റബ്ബിന്റെ അർഥം തിരുത്തിത്തരുന്നവൻ, പരിപാലിക്കുന്നവൻ എന്നെല്ലാമാണ്. നിസ്കാരം ഒരു അടിമയുടെ ഇസ്ലാമിനെ പരിപാലിക്കുകയും അതിനെ തിരുത്തി ശരിപ്പെടുത്തുകയും ചെയ്യും. (മൂന്നാമത്തേത്) നോമ്പാണ്, ٱلرَّحۡمَٰنِ എന്ന പേര് നോമ്പിനോട് തുല്യമാണ്, ഈ നാമത്തിന്റെ അർഥം വിശാലമായ കാരുണ്യമെന്നാണ്. സമ്പന്നനായ അടിമക്ക് പാവപ്പെട്ട അടിമയോടുള്ള കാരുണ്യം എത്രത്തോളം എത്തുമെന്ന് വെച്ചാൽ പാവപ്പെട്ടവൻ അനുഭവിക്കുന്ന വിശപ്പിന്റെ വേദന സമ്പത്തുള്ളവനും അനുഭവിക്കാൻ തയ്യാറാവും, അതുവഴി അവന്റെ വേദന മനസ്സിലാക്കി അവന് ദാനം ചെയ്യും; ഇത് നോമ്പാണ്. (നാലാമത്തേത്) സകാത്താണ്, ٱلرَّحِيمِ എന്ന പേര് സകാത്തിനെ കാണിക്കുന്നു. അടിമക്ക് പാവപ്പെട്ടവനോട് കരുണ തോന്നിയതിൻ്റെ ഫലമായി അവന്റെ സമ്പത്തിൽ നിന്നും ഒരു ഭാഗം പാവപ്പെട്ടവന് വേണ്ടി മാറ്റിവെക്കുന്നു. (അഞ്ചാമത്തേത്) ഹജ്ജാണ്, مَٰلِكِ يَوۡمِ ٱلدِّينِ എന്ന പേര് ഹജ്ജിനെ സൂചിപ്പിക്കുന്നു. ഖിയാമത് നാളിൽ ആളുകളെ ഒരുമിച്ച് കൂട്ടപ്പെടുന്നത് പോലെ നാനാ ദിക്കിൽനിന്നുള്ള ആളുകൾ ഹജ്ജിന്റെ വേളയിൽ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുന്നു.

ഫാതിഹയുടെ തുടക്കത്തിൽ “പറയുക: സ്തുതി (മുഴുവനും) സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു” എന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. കാരണം ഫാതിഹയുടെ അവസാനം അടിമയുടെ സംസാരമായാണ് വരുന്നത്. “പറയുക” എന്ന വാക്ക് അവിടെ സൂചിപ്പിക്കപ്പെടുന്നില്ല എന്നുവെച്ചാൽ ഫാതിഹയുടെ തുടക്കം റബ്ബിന്റെ വാചകവും അവസാനം അടിമയുടെ വാചകവുമായി മാറും. എന്നാൽ നമ്മുടെ സാമാന്യബുദ്ധി എല്ലാം അടിമയുടെ സംസാരമാണെന്ന് പറയുന്നതിലേക്കാണ് ചായുന്നത്. അതുകൊണ്ട് നമ്മൾ “പറയുക: സ്തുതി (മുഴുവനും) സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു” മുതൽ “ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ” എന്ന ഭാഗം വരെ സംശയമില്ലാത്ത രൂപത്തിൽ അടിമയുടെ സംസാരമായി മനസ്സിലാക്കുന്നു.

<ٱلۡحَمۡدُ> എല്ലാ സുന്ദരമായ കാര്യങ്ങളുടെയും സ്തുതി <لِلَّهِ> പ്രപഞ്ചനാഥനായ അല്ലാഹുവിനാകുന്നു. ഓരോ സ്തുതിയും നന്ദിപ്രകടനവും അല്ലാഹുവിനാകുന്നു. ഒന്നുകിൽ അവന്റെ വിശേഷണങ്ങളെയോ അല്ലെങ്കിൽ അവന്റെ പ്രവർത്തനങ്ങളെയോ ആണ് വാഴ്ത്തപ്പെടുന്നത്.

നാല് വിധത്തിലുള്ള സ്തുതി <حَمۡدُ> ഉണ്ട്: റബ്ബ് അവനെത്തന്നെ സ്തുതിക്കുന്നത്, റബ്ബ് അടിമയെ സ്തുതിക്കുന്നത്, അടിമ റബ്ബിനെ സ്തുതിക്കുന്നത്, അടിമ അവനെപ്പോലെയുള്ള അടിമകളെ സ്തുതിക്കുന്നത്. ഈ സ്തുതിയെല്ലാം യഥാർത്ഥത്തിൽ അല്ലാഹുവിന് തന്നെയാണ്, ഒന്നുകിൽ അവന്റെയൊരു വിശേഷണം വഴി അല്ലെങ്കിൽ അവന്റെയൊരു പ്രവർത്തനം വഴി.

സ്വർഗ്ഗത്തിലെ പദവികൾ എട്ടാണ് <ٱلۡحَمۡدُ لِلَّهِ> എന്നതിൽ എട്ട് അക്ഷരങ്ങളുണ്ട്. <ٱلۡحَمۡدُ لِلَّهِ> എന്നാരെങ്കിലും പറഞ്ഞാൽ അവൻ സ്വർഗ്ഗത്തിലെ എട്ട് പദവികൾക്കും യോഗ്യനാവും.

(പ്രപഞ്ചങ്ങളുടെ ഉടമസ്ഥനായ അല്ലാഹുവിനാകുന്നു) <رَبِّ ٱلۡعَٰلَمِينَ> എന്നത് പ്രപഞ്ചങ്ങളുടെ ഉടമസ്ഥനെയാണ് സൂചിപ്പിക്കുന്നത്, ഇവിടെ ബഹുവചനമാണ് പ്രപഞ്ചത്തിന് കൊടുത്തിട്ടുള്ളത്. അല്ലാഹു അല്ലാത്തവയെല്ലാം പ്രപഞ്ചത്തിന്റെ പരിധിയിൽ വരും. അതിന് പുല്ലിംഗബഹുവചനം നൽകപ്പെടാൻ കാരണം സൃഷ്ടിയിൽ നിന്നുള്ളവയെല്ലാം അത് ഉൾക്കൊള്ളുന്നത് കൊണ്ടാണ്.

(പരമകാരുണികനും) <ٱلرَّحۡمَٰنِ> അതിമഹത്തായതും പ്രകടവുമായ അനുഗ്രഹങ്ങളിലൂടെ അനുഗ്രഹിക്കുന്നവനെന്നാണ് അർത്ഥമാക്കുന്നത്.  <ٱلرَّحِيمِ> (കരുണാനിധിയും) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് സൂക്ഷ്മമായി അനുഗ്രഹങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നവനെന്നാണ്.

(അന്ത്യനാളിൻ്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)) <مَٰلِكِ يَوۡمِ ٱلدِّينِ> പാരിതോഷികം നൽകപ്പെടുന്ന നാളിന്റെ രാജാവ്, അവനെല്ലാ ദിവസത്തിന്റെയും രാജാവാണ്. പക്ഷെ, എല്ലാ ദിവസവും അല്ലാഹുവിന്റെ രാജാധികാരത്തെ വെല്ലുവിളിക്കുന്നവരെ, ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ ഖിയാമത്ത് നാളിലവന്റെ രാജാധികാരത്തെ വെല്ലുവിളിക്കാൻ ആരും തന്നെ ഉണ്ടാവുകയില്ല. അന്ന് < لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ > (ആ ദിവസം ആർക്കാണ് രാജാധികാരം?) എന്ന് ചോദിക്കുമ്പോൾ ഒരു മനുഷ്യന്റെയും അടുത്തുനിന്ന് അവന് ഉത്തരം ലഭിക്കുകയില്ല, അപ്പോൾ അവൻ സ്വയം ഉത്തരം പറയും <لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ> (ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന്).

അടിമ “ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ, ٱلرَّحۡمَٰنِ ٱلرَّحِيمِ, مَٰلِكِ يَوۡمِ ٱلدِّينِ” എന്ന് പറഞ്ഞു കഴിഞ്ഞാൽ അവൻ അല്ലാഹുവിനോട് സംസാരിക്കാൻ യോഗ്യനാവും. അപ്പോളവൻ അല്ലാഹുവിന്റെ ദൈവിക സാന്നിധ്യത്തെ (ഹള്റയെ) അഭിസംബോധനം ചെയ്തുകൊണ്ട് പറയും <إِيَّاكَ نَعۡبُدُ> (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു) നമ്മൾ നിന്നെയല്ലാതെ ആരെയും ആരാധിക്കുന്നില്ല, < وَإِيَّاكَ نَسۡتَعِينُ> (നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) നിന്നിലൂടെയല്ലാതെ നമ്മളൊരു സഹായവും തേടുന്നില്ല. റബ്ബിനെ സ്തുതിച്ചു കഴിഞ്ഞാൽ, അല്ലാഹു അവനോട് പറയും, “നിങ്ങൾക്ക് ഇഷ്ടമുള്ള ആവശ്യങ്ങൾ എന്റെ മുന്നിൽ അവതരിപ്പിച്ച് കൊള്ളുക”, അപ്പോൾ അടിമ പറയും: <ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ> (ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ). അപ്പോൾ അടിമ നേരായ മാർഗ്ഗത്തിലവനെ മാർഗ്ഗദർശനം ചെയ്യാൻ വേണ്ടി അല്ലാഹുവിനോട് ചോദിക്കും, ആ പാത അമ്പിയാമുർസലീങ്ങളുടെ പാതയാണ്. എന്നിട്ടവൻ പറയും: <صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ > (അഥവാ നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ). നബിമാരിൽ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചവരുണ്ട്: <أَمۡ يَحۡسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۖ فَقَدۡ ءَاتَيۡنَآ ءَالَ إِبۡرَٰهِيمَ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَءَاتَيۡنَٰهُم مُّلۡكًا عَظِيمٗا> (അതല്ല, അല്ലാഹു അവൻ്റെ ഔദാര്യത്തിൽനിന്ന് മറ്റു മനുഷ്യർക്ക് നൽകിയിട്ടുള്ളതിൻ്റെ പേരിലവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നൽകിയിട്ടുണ്ട്. അവർക്ക് നാം മഹത്തായ ആധിപത്യവും നൽകിയിട്ടുണ്ട്). അവരിൽ അല്ലാഹു പ്രത്യേകമായ അനുഗ്രഹം കൊണ്ട് അനുഗ്രഹിച്ചവരുണ്ട്, അവരിൽ പ്രവാചകത്വവും രാജാധികാരവും ഒരുമിച്ച് കൂട്ടിയവരുണ്ട്. തീവ്രമായ പരീക്ഷണങ്ങളിലൂടെ അല്ലാഹു കടത്തിക്കൊണ്ട് പോയവരും അവരിലുണ്ട്. അല്ലാഹു “പരീക്ഷണങ്ങളിലൂടെ കടന്നുപോയവരുടെ പാത” എന്നോ “(അല്ലാഹുവിന്റെ മാർഗ്ഗത്തിൽ) വിധിക്കപ്പെട്ടവരുടെ പാത” എന്നോ “(അല്ലാഹുവിന്റെ മാർഗ്ഗത്തിൽ) അറുക്കപ്പെട്ടവരുടെ പാത” എന്നോ പറഞ്ഞിരുന്നുവെങ്കിൽ അടിമ പേടിച്ച് പോവുമായിരുന്നു. പക്ഷെ, അടിമയെ സമാധാനിപ്പിക്കാനും അവന് ബോധനം നൽകാനും അവന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാനുമാണ് അവൻ “നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ” എന്ന് പറഞ്ഞത്. എന്നാൽ സത്യമിതാണ്, എല്ലാ നബിമാരും അനുഗ്രഹിക്കപ്പെട്ടവരല്ല, ചിലരെ അല്ലാഹു ഏറ്റവും പ്രയാസകരമായ പരീക്ഷണങ്ങളിലൂടെ കടത്തിക്കൊണ്ട് പോയിട്ടുണ്ട്, <مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَۚ وَحَسُنَ أُوْلَٰٓئِكَ رَفِيقٗا> (അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാർ, സിദ്ദീഖീങ്ങൾ, രക്തസാക്ഷികൾ, സച്ചരിതർ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാർ!) (ഖുർആൻ 4:69).

(കോപത്തിന് ഇരയായവരുടെ മാർഗ്ഗത്തിലല്ല) < غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ>. റസൂൽ(       ﷺ) തങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവർ ജൂതന്മാരാണ്. ഖുർആൻ അവരെ (അല്ലാഹുവിന്റെ) കോപത്തിന് ഇരയായവരായിട്ടാണ് വിശദീകരിച്ചിട്ടുള്ളത്. ജൂതന്മാർ പഠിച്ചവരാണ്, എന്നാലവർ പഠിച്ചതിന് അനുസരിച്ച് പ്രവർത്തിച്ചില്ല, അങ്ങനെ അല്ലാഹു അവരോട് കോപിച്ചു. <وَلَا ٱلضَّآلِّينَ> (പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല). റസൂൽ(       ﷺ) തങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവർ ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികൾ നേരായ മാർഗ്ഗത്തിൽനിന്നും വ്യതിചലിച്ചുപോയി, പക്ഷെ അവർക്കതറിയില്ല. അവർക്ക് സത്യമറിയില്ല. അവരുടെ അജ്ഞതയും ബുദ്ധിയില്ലായ്മയും എത്രത്തോളമാണെന്ന് വെച്ചാൽ അവർ അടിമയെ അവരുടെ യജമാനനാക്കി പ്രഖ്യാപിച്ചു. ജൂതന്മാർക്ക് വിവരമുണ്ട്, എന്നാൽ അവർ ആ വിവരത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ല, എന്നാൽ ക്രിസ്ത്യാനികൾ കേവലം വിവരമില്ലാത്തവർ മാത്രമാണ്. <عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ> ( കോപത്തിന് ഇരയായവരുടെ മാർഗ്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല).

ആമീൻ <آمین> ഖുർആനിന്റെ ഭാഗമല്ല. അത് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ മുദ്രണമാണ്. അതൊരു രാജാവ് അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് മുദ്രണം ചെയ്യുന്നത് പോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *