ഹദീസ് പഠനം, ഭാഗം-1

ഈമാനിൻ്റെ മാധുര്യത്തെ വിവരിക്കുന്ന ഹദീസ്

بهحة النفوس (شرح مختصر البخاري) لابن أبي جمرة

Translation: Suhail b.Aboobacker Mandalil al-Khairy 


عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: “ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ حَلَاوَةَ الْإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلَّهِ تَعَالَى، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ.”

അനസ് (رضي الله عنه) നിവേദനം ചെയ്യുന്നു, നബി (ﷺ) തങ്ങൾ അരുളി: “മൂന്ന് കാര്യങ്ങൾ ഒരാളിൽ ഉണ്ടായാൽ അവൻ ഈമാനിന്റെ മധുരം അനുഭവിച്ചറിയും: അല്ലാഹുവും അവന്റെ റസൂലും റ്റെന്തിനേക്കാളും അവന് ഏറ്റവും പ്രിയങ്കരരാകുക, അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി അല്ലാതെ ഒരാളെയും സ്നേഹിക്കാതിരിക്കുക, നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് എത്രത്തോളം വെറുക്കുന്നുവോ, അത്രത്തോളം കുഫ്‌റിലേക്ക് മടങ്ങുന്നത് വെറുക്കുക” 


ظَاهِرُ هَذَا الْحَدِيثِ يَدُلُّ عَلَى أَنَّ الْإِيمَانَ عَلَى قِسْمَيْنِ: بِحَلَاوَةٍ وَبِغَيْرِ حَلَاوَةٍ. وَمِنْهُ قَوْلُهُ عَلَيْهِ السَّلَامُ: “الْإِيمَانُ إِيمَانَانِ: إِيمَانٌ لَا يَدْخُلُ صَاحِبَهُ النَّارَ، وَإِيمَانٌ لَا يُخَلِّدُ صَاحِبَهُ فِي النَّارِ.” فَالْإِيمَانُ الَّذِي لَا يَدْخُلُ صَاحِبَهُ النَّارَ هُوَ مَا كَانَ بِالْحَلَاوَةِ، وَالْإِيمَانُ الَّذِي لَا يُخَلِّدُ صَاحِبَهُ فِي النَّارِ هُوَ مَا كَانَ بِغَيْرِ حَلَاوَةٍ. وَالْكَلَامُ عَلَيْهِ مِنْ وُجُوهٍ:

ഈ ഹദീസിന്റെ ബാഹ്യമായ അർത്ഥം സൂചിപ്പിക്കുന്നത് ഈമാൻ രണ്ട് താരത്തിലുണ്ടെന്നാണ്: ഒന്ന്, മാധുര്യമാർന്ന ഈമാൻ; മറ്റൊന്ന്, മാധുര്യമില്ലാത്ത ഈമാൻ. ഇതിനെ സാധൂകരിക്കുന്നതാണ് നബി (ﷺ) തങ്ങളുടെ തുടർന്നുള്ള വചനം: “ഈമാൻ രണ്ട് തരത്തിലുണ്ട്: അതിന്റെ ഉടമയെ നരകത്തിൽ പ്രവേശിപ്പിക്കാത്ത ഈമാൻ, അതിന്റെ ഉടമയെ നരകത്തിൽ ശാശ്വതമായി നിർത്താത്ത ഈമാൻ”, അതിന്റെ ഉടമയെ നരകത്തിൽ പ്രവേശിപ്പിക്കാത്ത ഈമാൻ ആണ് മാധുര്യമാർന്ന ഈമാൻ, അതിന്റെ ഉടമയെ നരകത്തിൽ ശാശ്വതമായി നിർത്താത്ത ഈമാനാണ് മധുരമില്ലാത്ത ഈമാൻ. ഈ ഹദീസിനെ വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ നമുക്ക് ചർച്ച ചെയ്യാം:

الْوَجْهُ الْأَوَّلُ: الْحَلَاوَةُ الْمَذْكُورَةُ هَلْ هِيَ مَحْسُوسَةٌ أَوْ مَعْنَوِيَّةٌ؟ قَدِ اخْتَلَفَ الْعُلَمَاءُ فِي ذَلِكَ، فَحَمَلَهَا قَوْمٌ عَلَى الْمَعْنَى وَهُمُ الْفُقَهَاءُ. وَحَمَلَهَا قَوْمٌ عَلَى الْمَحْسُوسِ وَأَبْقُوا اللَّفْظَ عَلَى ظَاهِرِهِ مِنْ غَيْرِ أَنْ يَتَأَوَّلُوهُ وَهُمْ أَهْلُ الصِّفَةِ، وَالصَّوَابُ مَعَهُمْ فِي ذَلِكَ وَاللَّهُ أَعْلَمُ؛ لِأَنَّ مَا ذَهَبُوا إِلَيْهِ أَبْقَوْا بِهِ لَفْظَ الْحَدِيثِ عَلَى ظَاهِرِهِ مِنْ غَيْرِ تَأْوِيلٍ وَهُوَ أَحْسَنُ مِنَ التَّأْوِيلِ مَا لَمْ يُعَارِضْ لِظَاهِرِ اللَّفْظِ مُعَارِضٌ. وَيَشْهَدُ لِمَا ذَهَبُوا إِلَيْهِ أَحْوَالُ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ وَالسَّلَفِ الصَّالِحِ وَأَهْلِ الْمُعَامَلَاتِ؛ لِأَنَّهُ قَدْ حُكِيَ عَنْهُمْ أَنَّهُمْ وَجَدُوا الْحَلَاوَةَ مَحْسُوسَةً.

ഒന്നാമത്തെ വീക്ഷണം: ഹദീസിൽ പരാമർശിച്ച മാധുര്യം ഇന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമായതാണോ അതോ ആത്മീയമായ ഒരവസ്ഥയാണോ എന്നതാണ്? ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കർമ്മശാസ്ത്ര പണ്ഡിതന്മാർ (കുറിപ്പ്: ഫുഖഹാഅ്) ഈ മാധുര്യത്തെ ആത്മീയമായ ഒരർത്ഥത്തിലാണ് വ്യാഖ്യാനിച്ചത്. എന്നാൽ, സൂഫികൾ (അഹ്‌ലുസ്സിഫ) ഈ പദത്തെ അതിൻ്റെ ബാഹ്യമായ, അതായത് ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാവുന്ന മാധുര്യമായി മനസ്സിലാക്കുകയും, ഒരു വ്യാഖ്യാനവും കൂടാതെ അതേപടി നിലനിർത്തുകയും ചെയ്തു. ഈ വിഷയത്തിൽ സൂഫികളുടെ നിലപാടാണ് ശരി; അല്ലാഹുവിനാണ് കൂടുതൽ നന്നായി അറിയുന്നത്. കാരണം, അവർ ഹദീസിൻ്റെ വാക്കുകളെ യാതൊരു വ്യാഖ്യാനവും കൂടാതെ അതിൻ്റെ ബാഹ്യാർത്ഥത്തിൽത്തന്നെ നിലനിർത്തി. ഒരു വാക്കിൻ്റെ ബാഹ്യാർത്ഥത്തെ എതിർക്കുന്ന വ്യക്തമായ ഒരു തെളിവ് ഇല്ലാത്തപക്ഷം, അതിനെ വ്യാഖ്യാനിക്കുന്നതിനേക്കാൾ ഉത്തമം ബാഹ്യാർത്ഥത്തിൽ നിലനിർത്തുന്നതാണ്. ഈ നിലപാടിന് തെളിവായി, സ്വഹാബികളുടെയും (رضي الله عنه) സലഫുസ്സാലിഹീങ്ങളുടെയും, ‘അഹ്ലുൽ മുആമലാത്ത്’ (കുറിപ്പ്: ബാഹ്യകർമ്മങ്ങളിൽ മുന്നിട്ടുനിൽക്കുന്നവർ) എന്നറിയപ്പെടുന്നവരുടെയും ജീവിതാനുഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു. കാരണം, അവർക്ക് ഈ മാധുര്യം ഭൗതികമായിത്തന്നെ അനുഭവപ്പെട്ടിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

فَمِنْ جُمْلَةِ مَا حُكِيَ فِي ذَلِكَ حَدِيثُ بِلَالٍ رَضِيَ اللَّهُ عَنْهُ حِينَ صُنِعَ بِهِ مَا صُنِعَ فِي الرَّمْضَاءِ إِكْرَاهًا عَلَى الْكُفْرِ وَهُوَ يَقُولُ: “أَحَدٌ أَحَدٌ”. فَمَزَجَ مَرَارَةَ الْعَذَابِ بِحَلَاوَةِ الْإِيمَانِ. وَكَذَلِكَ أَيْضًا عِنْدَ مَوْتِهِ أَهْلُهُ يَقُولُونَ: “وَاكَرْبَاهُ” وَهُوَ يَقُولُ: “وَاطَرَبَاهُ، غَدًا أَلْقَى الْأَحِبَّةَ * مُحَمَّدًا وَحِزْبَهُ.” فَمَزَجَ مَرَارَةَ الْمَوْتِ بِحَلَاوَةِ اللِّقَاءِ وَهِيَ حَلَاوَةُ الْإِيمَانِ.

ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണ് ബിലാൽ (رضي الله عنه)വിൻ്റെ കഥ. കുഫ്‌റിലേക്ക് നിർബന്ധിക്കാൻ വേണ്ടി അദ്ദേഹത്തെ ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി പീഡിപ്പിച്ചപ്പോൾ, “അഹദ്! അഹദ്!” (അവൻ ഏകൻ! അവൻ ഏകൻ!) എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ, വേദനയുടെ കയ്പിനെ വിശ്വാസത്തിൻ്റെ മാധുര്യവുമായി അദ്ദേഹം ലയിപ്പിച്ചു.

അതുപോലെ, അദ്ദേഹത്തിൻ്റെ വിയോഗസമയത്തും സംഭവിച്ചു. അദ്ദേഹത്തിൻ്റെ വീട്ടുകാർ “എന്തൊരു സങ്കടം!” എന്ന് വിലപിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു: “എന്തൊരാനന്ദം! നാളെ ഞാൻ പ്രിയപ്പെട്ടവരെ കണ്ടുമുട്ടും – മുഹമ്മദ് നബിയെയും (ﷺ) അവിടുത്തെ കൂട്ടുകാരെയും.” അങ്ങനെ, മരണത്തിൻ്റെ കയ്പിനെ കണ്ടുമുട്ടലിൻ്റെ മാധുര്യവുമായി അദ്ദേഹം ലയിപ്പിച്ചു, അത് വിശ്വാസത്തിൻ്റെ മാധുര്യം തന്നെയായിരുന്നു.

وَمِنْهَا حَدِيثُ الصَّحَابِيِّ الَّذِي سُرِقَ فَرَسُهُ لَيْلًا وَهُوَ فِي الصَّلَاةِ، فَرَأَى السَّارِقَ حِينَ أَخَذَهُ فَلَمْ يَقْطَعْ لِذَلِكَ صَلَاتَهُ، فَقِيلَ لَهُ فِي ذَلِكَ، فَقَالَ: “مَا كُنْتُ فِيهِ أَكْبَرُ مِنْ ذَلِكَ.” وَلَا ذَاكَ إِلَّا لِلْحَلَاوَةِ الَّتِي وَجَدَهَا مَحْسُوسَةً فِي وِقْدِ ذَلِكَ.

അതിനൊരു ഉദാഹരണമാണ്, രാത്രി നമസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ കുതിരയെ മോഷ്ടിക്കപ്പെട്ട ഒരു സഹാബിയുടെ കഥ. മോഷ്ടാവ് കുതിരയെ കൊണ്ടുപോകുന്നത് അദ്ദേഹം കണ്ടു. എന്നിട്ടും, അതിൻ്റെ പേരിൽ അദ്ദേഹം തൻ്റെ നമസ്കാരം മുറിച്ചില്ല. ആളുകൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: “ഞാൻ അതിലേറെ മഹത്തായ ഒരവസ്ഥയിലായിരുന്നു.” ആ നിമിഷങ്ങളിൽ അദ്ദേഹം അനുഭവിച്ചറിഞ്ഞ ആ മാധുര്യം കാരണമാണ് അദ്ദേഹത്തിന് അത് സാധ്യമായത്.

وَمِنْهَا حَدِيثُ الصَّحَابِيَّيْنِ اللَّذَيْنِ جَعَلَهُمَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَعْضِ مَغَازِيهِ لَيْلَةً يَحْرُسَانِ جَيْشَ الْمُسْلِمِينَ، فَنَامَ أَحَدُهُمَا وَقَامَ الْآخَرُ يُصَلِّي، فَإِذَا الْجَاسُوسُ مِنْ قِبَلِ الْعَدُوِّ قَدْ أَقْبَلَ فَرَآهُمَا، فَكَبَدَ الْجَاسُوسُ الْقَوْسَ وَرَمَى الصَّحَابِيَّ فَأَصَابَهُ، فَبَقِيَ عَلَى صَلَاتِهِ وَلَمْ يَقْطَعْهَا، ثُمَّ رَمَاهُ ثَانِيَةً فَأَصَابَهُ فَلَمْ يَقْطَعْ لِذَلِكَ صَلَاتَهُ، ثُمَّ رَمَاهُ ثَالِثَةً فَأَصَابَهُ، فَعِنْدَ ذَلِكَ أَيْقَظَ صَاحِبَهُ وَقَالَ: “لَوْلَا أَنِّي خِفْتُ عَلَى الْمُسْلِمِينَ مَا قَطَعْتُ صَلَاتِي.” وَمَا ذَاكَ إِلَّا لِشِدَّةِ مَا وَجَدَ فِيهَا مِنَ الْحَلَاوَةِ حَتَّى أَذْهَبَتْ عَنْهُ مَا يَجِدُهُ مِنْ أَلَمِ السِّهَامِ. وَمِثْلُ هَذَا مَا حُكِيَ عَنْ كَثِيرٍ مِنْ أَهْلِ الْمُعَامَلَاتِ يَطُولُ الْكَلَامُ عَلَيْهِ وَفِيمَا ذَكَرْنَاهُ كِفَايَةٌ.

അതിന് മറ്റൊരു ഉദാഹരണം, ഹദീസിൽ വന്നിട്ടുള്ള കഥയാണ്, നബി (ﷺ) തങ്ങൾ തൻ്റെ ഒരു യുദ്ധയാത്രയിൽ മുസ്‌ലിം സൈന്യത്തിന്  രാത്രി കാവൽ നിൽക്കാൻ നിയോഗിച്ച രണ്ട് സഹാബികളുടെ കഥയാണ്. അവരിൽ ഒരാൾ ഉറങ്ങുകയും മറ്റൊരാൾ നമസ്കരിക്കാൻ നിൽക്കുകയും ചെയ്തു. അപ്പോഴാണ് ശത്രുക്കളുടെ ചാരൻ കടന്നുവരുന്നത്. അയാൾ അവരെ കണ്ടയുടൻ, വില്ല് കുലച്ച് നമസ്കരിക്കുന്ന സഹാബിയെ അമ്പെയ്തു. അമ്പ് ശരീരത്തിൽ കൊണ്ടുവെങ്കിലും അദ്ദേഹം നമസ്കാരം മുറിച്ചില്ല. പിന്നീട്, രണ്ടാമതും അയാൾ അമ്പെയ്തു, അപ്പോഴും അദ്ദേഹം നമസ്കരിക്കുന്നത് നിർത്തിയില്ല. മൂന്നാമതും അമ്പേറ്റപ്പോൾ മാത്രമാണ് അദ്ദേഹം തൻ്റെ കൂട്ടുകാരനെ ഉണർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്: “മുസ്‌ലിംകളുടെ കാര്യത്തിൽ എനിക്ക് ഭയമില്ലായിരുന്നെങ്കിൽ ഞാൻ എൻ്റെ നിസ്കാരം മുറിക്കുമായിരുന്നില്ല.”

അദ്ദേഹം നിസ്കാരത്തിൽ അനുഭവിച്ച മാധുര്യം എത്ര തീവ്രമായിരുന്നെന്ന് ഇത് കാണിക്കുന്നു. അമ്പേറ്റതിൻ്റെ വേദന പോലും ആ മാധുര്യം കാരണം അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ‘അഹ്ലുൽ മുആമലാത്ത്’ (കുറിപ്പ്: ബാഹ്യകർമ്മങ്ങളിൽ മുന്നിട്ടുനിൽക്കുന്നവർ) എന്ന് അറിയപ്പെടുന്ന പലരെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതെല്ലാം വിശദീകരിക്കാൻ തുടങ്ങിയാൽ ഏറെ ദീർഘിക്കും. എന്നാൽ, നാം ഇവിടെ സൂചിപ്പിച്ചത് തന്നെ മതിയായ തെളിവാണ്.

الْوَجْهُ الثَّانِي: قَوْلُهُ عَلَيْهِ السَّلَامُ (أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلَّهِ عَزَّ وَجَلَّ وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ). هَذِهِ الثَّلَاثَةُ الْأَلْفَاظِ تَرْجِعُ إِلَى اللَّفْظِ الْأَوَّلِ مِنْهَا وَهُوَ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا؛ لِأَنَّ مِنْ ضَرُورَةِ الْمَحَبَّةِ لِلَّهِ وَلِرَسُولِهِ أَنْ يَدْخُلَ مَنْ ذُكِرَ بَعْدُ فِي ضِمْنِهِ. لَكِنْ فَائِدَةُ إِخْبَارِهِ عَلَيْهِ السَّلَامُ بِتَيْنِكَ الْحَالَتَيْنِ اللَّتَيْنِ ذُكِرَتَا بَعْدَ ذَلِكَ اللَّفْظِ يُرِيدُ بِهِ أَنَّ مَنِ ادَّعَى حُبَّ اللَّهِ وَحُبَّ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْيَخْتَبِرْ نَفْسَهُ فِي حُبِّ الْمَرْءِ لِمَاذَا يُحِبُّهُ، وَفِي الْإِكْرَاهِ عَلَى الْكُفْرِ كَيْفَ يَجِدُ نَفْسَهُ إِنِ ابْتُلِيَ بِذَلِكَ؛ لِأَنَّهُ قَدْ يَسْبِقُ لِلنُّفُوسِ دَعْوَى بِحُبِّ اللَّهِ وَحُبِّ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَجَعَلَ عَلَيْهِ السَّلَامُ هَاتَيْنِ الْعَلَامَتَيْنِ تُفَرِّقُ بَيْنَ الدَّعْوَى وَالْحَقِيقَةِ. وَمِثْلُ هَذَا قَوْلُهُ عَزَّ وَجَلَّ: ﴿وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ﴾ [المائدة: 23]؛ لِأَنَّ حَقِيقَةَ الْإِيمَانِ أَنْ يَتَوَكَّلَ صَاحِبُهُ فِي كُلِّ أُمُورِهِ عَلَى رَبِّهِ وَيَعْتَمِدَ عَلَيْهِ، وَإِنْ كَانَ بِغَيْرِ ذَلِكَ فَإِنَّمَا هُوَ دَعْوَى. وَكَذَلِكَ مَنِ ادَّعَى حُبَّ اللَّهِ وَحُبَّ رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لَمْ يَصْدُقْ فِي تَيْنِكَ الْعَلَامَتَيْنِ الْمَذْكُورَتَيْنِ فَحُبُّهُ دَعْوَى لَا حَقِيقَةَ.

രണ്ടാമത്തെ വീക്ഷണം: നബി (ﷺ) തങ്ങളുടെ വചനം: “ അല്ലാഹുവും അവന്റെ റസൂലും റ്റെന്തിനേക്കാളും അവന് ഏറ്റവും പ്രിയങ്കരരാകുക, അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി അല്ലാതെ ഒരാളെയും സ്നേഹിക്കാതിരിക്കുക, നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് എത്രത്തോളം വെറുക്കുന്നുവോ, അത്രത്തോളം കുഫ്‌റിലേക്ക് മടങ്ങുന്നത് വെറുക്കുക” ഈ മൂന്ന് കാര്യങ്ങളും, അവയിൽ ആദ്യത്തേതായ “അല്ലാഹുവും അവൻ്റെ റസൂലും മറ്റെന്തിനേക്കാളും അവന് പ്രിയപ്പെട്ടവരാകുക” എന്നതിലേക്ക് തിരിച്ചുവരുന്നു. കാരണം, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടുമുള്ള യഥാർത്ഥ സ്നേഹത്തിൻ്റെ അനിവാര്യമായ ഭാഗമാണ് പിന്നീട് പറഞ്ഞ മറ്റ് രണ്ട് കാര്യങ്ങളും ഉൾക്കൊള്ളുക എന്നത്. എന്നാൽ, നബി (ﷺ) തങ്ങൾ ഈ രണ്ട് അവസ്ഥകളെയും പിന്നീട് എടുത്തുപറഞ്ഞതിൻ്റെ പ്രയോജനം എന്തെന്നാൽ: അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (ﷺ) സ്നേഹിക്കുന്നുവെന്ന് വാദിക്കുന്നവർ, താൻ മറ്റൊരാളെ എന്തിനുവേണ്ടി സ്നേഹിക്കുന്നുവെന്നും, സത്യനിഷേധത്താൽ പരീക്ഷിക്കപ്പെട്ടാൽ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും സ്വയം പരിശോധിക്കണം. കാരണം, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (ﷺ) സ്നേഹിക്കുന്നുവെന്ന് മനസ്സിന് എളുപ്പത്തിൽ വാദിക്കാൻ കഴിഞ്ഞേക്കും. അതുകൊണ്ട്, നബി (ﷺ) തങ്ങൾ ഈ രണ്ട് കാര്യങ്ങളെയും, വെറും വാദവും യഥാർത്ഥ്യവും തമ്മിൽ വേർതിരിക്കുന്ന അടയാളങ്ങളായി നിശ്ചയിച്ചു. ഇതിനു സമാനമാണ് അല്ലാഹുവിൻ്റെ വചനം: “നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുക.وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ”  കാരണം, യഥാർത്ഥ ഈമാനിൻ്റെ യാഥാര്ഥ്യം, തൻ്റെ എല്ലാ കാര്യങ്ങളിലും ഒരാൾ തൻ്റെ രക്ഷിതാവിൽ ഭരമേൽപ്പിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെയല്ലെങ്കിൽ, അത് വെറും വാദം മാത്രമാണ്. അതുപോലെ, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (ﷺ) സ്നേഹിക്കുന്നുവെന്ന് വാദിക്കുകയും, എന്നാൽ മുകളിൽ പറഞ്ഞ രണ്ട് അടയാളങ്ങളിൽ സത്യസന്ധമാകാതിരിക്കുകയും ചെയ്യുന്നവൻ്റെ സ്നേഹം ഒരു വാദം മാത്രമാണ്, യഥാർത്ഥ സ്നേഹമല്ല.

الْوَجْهُ الثَّالِثُ: يَرِدُ عَلَى الْحَدِيثِ سُؤَالٌ وَهُوَ أَنْ يُقَالَ لِمَ عَبَّرَ عَلَيْهِ السَّلَامُ عَنْ تَنَاهِي الْإِيمَانِ بِالْحَلَاوَةِ وَلَمْ يُعَبِّرْ بِغَيْرِهِ؟ وَالْجَوَابُ: أَنَّهُ إِنَّمَا عَبَّرَ عَلَيْهِ السَّلَامُ بِالْحَلَاوَةِ؛ لِأَنَّ اللَّهَ عَزَّ وَجَلَّ قَدْ شَبَّهَ الْإِيمَانَ بِالشَّجَرَةِ فِي كِتَابِهِ حَيْثُ قَالَ: ﴿وَمَثَلُ كَلِمَةٍ طَيِّبَةٍ كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ * تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا﴾ [إبراهيم: 24-25]. وَالْكَلِمَةُ الطَّيِّبَةُ هِيَ كَلِمَةُ الْإِخْلَاصِ وَهِيَ أَسُّ الدِّينِ وَبِهَا قِوَامُهُ، فَكَلِمَةُ الْإِخْلَاصِ فِي الْإِيمَانِ كَأَصْلِ الشَّجَرَةِ لَا بُدَّ مِنْهُ أَوَّلًا.

മൂന്നാമത്തെ വീക്ഷണം: ഈ ഹദീസുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉയർന്നുവരുന്നു: ഈമാനിന്റെ അവസാനത്തെ നബി (ﷺ) എന്തുകൊണ്ടാണ് ‘മാധുര്യം’ എന്ന പദം കൊണ്ട് വിശേഷിപ്പിച്ചത്, മറ്റൊന്നുകൊണ്ടും പറയാതിരുന്നത് എന്തുകൊണ്ട്?

ഈ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്: നബി (ﷺ) മാധുര്യം കൊണ്ട് വിശേഷിപ്പിച്ചത്, അല്ലാഹു തൻ്റെ പരിശുദ്ധ ഗ്രന്ഥത്തിൽ ഈമാനിനെ ഒരു വൃക്ഷത്തോട് ഉപമിച്ചിട്ടുള്ളതുകൊണ്ടാണ്. അല്ലാഹു പറയുന്നു: “നല്ല വാക്കിന് ഉദാഹരണം, ഒരു നല്ല വൃക്ഷത്തെപ്പോലെയാണ്. അതിൻ്റെ വേര് ഉറച്ചതാണ്, ശാഖകൾ ആകാശത്തേക്കുയർന്നു നിൽക്കുന്നു. അതിൻ്റെ രക്ഷിതാവിൻ്റെ അനുമതിയോടെ അത് എല്ലാ കാലത്തും തൻ്റെ കായ്കനികൾ നൽകുന്നു. كَلِمَةً طَیِّبَةً كَشَجَرَةٍ طَیِّبَةٍ اَصْلُهَا ثَابِتٌ وَّفَرْعُهَا فِی السَّمَآءِ. تُؤْتِیْۤ اُكُلَهَا كُلَّ حِیْنٍ بِاِذْنِ رَبِّهَا” ഇവിടെ, ‘നല്ല വാക്ക്’ എന്നത് ‘ഇഖ്‌ലാസിന്റെ’ (കുറിപ്പ്: ആത്മാർത്ഥതയുടെ) വാക്കാണ്. അത് ദീനിൻ്റെ അടിസ്ഥാനവും അതിൻ്റെ നിലനിൽപ്പിന് അനിവാര്യമായതുമാണ്. അതിനാൽ, ഈമാനിലെ ‘ഇഖ്‌ലാസിന്റെ വാക്ക്’ ഒരു വൃക്ഷത്തിൻ്റെ വേരുപോലെയാണ്, അത് ആദ്യമായി അനിവാര്യമായ ഒന്നാണ്.

وَأَغْصَانُ الشَّجَرَةِ فِي الْإِيمَانِ عِبَارَةٌ عَمَّا تَضَمَّنَتْهُ كَلِمَةُ الْإِخْلَاصِ مِنَ اتِّبَاعِ الْأَمْرِ وَاجْتِنَابِ النَّهْيِ. وَالزَّهْرُ فِي الشَّجَرَةِ هُوَ فِي الْإِيمَانِ عِبَارَةٌ عَمَّا يَحْدُثُ لِلْمُؤْمِنِ فِي بَاطِنِهِ مِنْ أَفْعَالِ الْبِرِّ؛ لِمَا رُوِيَ عَنْهُ عَلَيْهِ السَّلَامُ: “أَنَّ مَنْ هَمَّ بِحَسَنَةٍ خَرَجَتْ عَلَى فِيهِ رَائِحَةٌ عَطِرَةٌ فَيَشُمُّهَا الْمَلَكُ فَيَكْتُبُ لَهُ حَسَنَةً.” وَالزَّهْرُ فِي الشَّجَرَةِ كَذَلِكَ لَهُ رَائِحَةٌ عَطِرَةٌ.

ഈമാനാകുന്ന വൃക്ഷത്തിലെ ശാഖകൾ സൂചിപ്പിക്കുന്നത്, ‘ഇഖ്‌ലാസ്’ എന്ന വാക്ക് ഉൾക്കൊള്ളുന്ന എല്ലാ കൽപ്പനകളും അനുസരിക്കുന്നതും നിരോധനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതുമാണ്. ഈ വൃക്ഷത്തിലെ പൂക്കൾ വിശ്വാസിയുടെ ഉള്ളിൽനിന്ന് രൂപപ്പെടുന്ന പുണ്യകർമ്മങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കാരണം, നബി (ﷺ) തങ്ങളിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിച്ചാൽ, അവൻ്റെ വായിൽ നിന്ന് സുഗന്ധം വമിക്കുകയും, അത് മലക്കുകൾക്ക് അനുഭവപ്പെടുകയും ചെയ്യും. അപ്പോൾ മലക്കുകൾ അവന് ഒരു നന്മ രേഖപ്പെടുത്തും.” വൃക്ഷത്തിലെ പൂക്കൾക്കും ഇതുപോലെ സുഗന്ധമുണ്ട്.

وَمَا يَنْبُتُ فِي الشَّجَرَةِ مِنَ الثَّمَرِ هُوَ فِي الْإِيمَانِ عِبَارَةٌ عَنْ أَفْعَالِ الطَّاعَاتِ. وَحَلَاوَةُ الْإِيمَانِ فِي الشَّجَرَةِ هِيَ فِي الْإِيمَانِ عِبَارَةٌ عَنْ كَمَالِهِ، وَعَلَامَةُ كَمَالِهِ مَا ذُكِرَ عَلَيْهِ السَّلَامُ فِي الْحَدِيثِ؛ لِأَنَّ غَايَةَ فَائِدَةِ الثَّمَرِ تَنَاهِي حَلَاوَةِ ثَمَرِهَا وَكَمَالِهِ. وَلِهَذَا قَالَ تَعَالَى: ﴿تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا﴾ [إبراهيم: 25]، وَأَكْلُهَا عَلَى أَحَدِ الْأَقَاوِيلِ دَائِمٌ. فَثَمَرَةُ الْمُؤْمِنِ لَا تَزَالُ أَبَدًا بَيْنَ زَهْرٍ وَإِبَارٍ وَبَدْوِ صَلَاحٍ وَتَنَاهِي طِيبٍ، فَلَمْ تَزَلْ مُعَطَّرَةً مُثْمِرَةً يَانِعَةً دَائِمَةً. وَلِهَذَا فُضِّلَتْ شَجَرَةُ الْإِيمَانِ عَلَى غَيْرِهَا؛ لِأَنَّ الشَّجَرَةَ عَدَا شَجَرَةِ الْإِيمَانِ يَأْتِي فِيهَا كُلُّ شَيْءٍ فَرِيدٍ ثُمَّ يَذْهَبُ عَنْهَا كُلُّ ذَلِكَ فِي بَعْضِ السَّنَةِ، فَالزَّهْرُ فَرِيدٌ وَالْإِبَارُ فَرِيدَةٌ وَبَدْوُ الصَّلَاحِ فَرِيدٌ وَتَنَاهِي الطِّيبِ فَرِيدٌ. وَالْمُؤْمِنُ لَا يَزَالُ ثَمَرَةُ إِيمَانِهِ بِجُمُوعِ ذَلِكَ كُلِّهِ رَائِقَةً عَطِرَةً.

വൃക്ഷത്തിൽ ഉണ്ടാകുന്ന കായ്കനികൾ, ഈമാനിൽ (അല്ലാഹുവിനെ) അഅനുസർച്ച് കൊണ്ടുള്ള കർമ്മങ്ങളെയാണ് കുറിക്കുന്നത്. വിശ്വാസത്തിൻ്റെ മാധുര്യം എന്നത്, ഈമാനിലുള്ള പരിപൂർണ്ണതയെയാണ് സൂചിപ്പിക്കുന്നത്. ഈ പരിപൂർണ്ണതയുടെ അടയാളങ്ങളാണ് നബി (ﷺ) ഹദീസിൽ എടുത്തുപറഞ്ഞ കാര്യങ്ങൾ. കാരണം, ഒരു ഫലത്തിൻ്റെ ഏറ്റവും വലിയ പ്രയോജനം, അതിൻ്റെ മാധുര്യത്തിൻ്റെയും പൂർണ്ണതയുടെയും പരമാവധിയിൽ എത്തുക എന്നതാണ്.

ഇതിനാലാണ് അല്ലാഹു തആലാ പറഞ്ഞത്: “അതിൻ്റെ രക്ഷിതാവിൻ്റെ അനുമതിയോടെ അത് എല്ലാ കാലത്തും തൻ്റെ കായ്കനികൾ നൽകുന്നു. تُؤْتِیْۤ اُكُلَهَا كُلَّ حِیْنٍ بِاِذْنِ رَبِّهَا”. ചില വ്യാഖ്യാനങ്ങളിൽ അതിൻ്റെ കായ്കനികൾ എപ്പോഴും ലഭ്യമായിരിക്കും എന്നാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത് എന്ന് പറയുന്നു. അതുകൊണ്ട്, ഒരു വിശ്വാസിയുടെ ഫലം എപ്പോഴും പൂക്കളും അങ്കുരങ്ങളും പാകമാകാൻ തുടങ്ങുന്ന അവസ്ഥയും പരമമായ രുചിയുള്ള (പഴുത്ത) അവസ്ഥയും നിറഞ്ഞതായിരിക്കും. അത് സുഗന്ധമുള്ളതും ഫലദായകവും പൂർണ്ണമായും പാകമായതും ആയ ഫലങ്ങൾ എഎപ്പോഴും നല്കികൊണ്ടിരിക്കും. ഇക്കാരണത്താലാണ് വിശ്വാസമാകുന്ന വൃക്ഷം മറ്റ് വൃക്ഷങ്ങളേക്കാൾ ശ്രേഷ്ഠമാകുന്നത്. കാരണം, വിശ്വാസവൃക്ഷമല്ലാത്ത മറ്റ് മരങ്ങളിൽ ഓരോ കാര്യവും ഒറ്റപ്പെട്ടാണ് സംഭവിക്കുന്നത്, വർഷത്തിൻ്റെ ചില സമയങ്ങളിൽ അതെല്ലാം ഇല്ലാതാവുകയും ചെയ്യും. പൂക്കൾ ഒറ്റ സമയത്ത്, അങ്കുരങ്ങൾ വേറൊരു സമയത്ത്, പാകമാകലിൻ്റെ തുടക്കം മറ്റൊരു സമയത്ത്, പരമമായ രുചി നൽകുന്ന (പഴുത്ത അവസ്ഥ) വേറൊരു സമയത്ത്. എന്നാൽ വിശ്വാസിയാകട്ടെ, അവൻ്റെ ഈമാനിൻ്റെ ഫലം ഇവയെല്ലാം ഒരുമിച്ച് ചേർന്ന്, എപ്പോഴും മനോഹരവും സുഗന്ധപൂരിതവുമാണ്.

وَلِهَذَا الْمَعْنَى قَالَ عَلَيْهِ السَّلَامُ: “نِيَّةُ الْمُؤْمِنِ أَبْلَغُ مِنْ عَمَلِهِ.” قَالَ الْعُلَمَاءُ: مَعْنَاهُ أَنَّ الْمُؤْمِنَ فِي عَمَلِهِ وَنِيَّتِهِ عِنْدَ فَرَاغِهِ لِعَمَلٍ ثَانٍ. فَالزَّهْرُ هُوَ النِّيَّةُ، وَالثَّمَرُ هُوَ الْعَمَلُ الصَّالِحُ. وَبَدْوُ الصَّلَاحِ هُوَ اتِّبَاعُ السُّنَّةِ فِي الْعَمَلِ؛ لِقَوْلِهِ عَلَيْهِ السَّلَامُ: “إِنَّ اللَّهَ لَا يَقْبَلُ عَمَلَ امْرِئٍ حَتَّى يُتْقِنَهُ.” قَالُوا: يَا رَسُولَ اللَّهِ وَمَا إِتْقَانُهُ؟ قَالَ: “يُخْلِصُهُ مِنَ الرِّيَاءِ وَالْبِدْعَةِ.” فَتَرْكُ السُّنَّةِ فِي الْعَمَلِ عَاهَةٌ فِيهِ تَمْنَعُ مِنْ بَدْوِ صَلَاحِهِ، فَإِذَا لَمْ يَبْدُ صَلَاحُهُ فَمِنْ بَابِ أَوْلَى أَنْ لَا يَصِلَ إِلَى تَنَاهِي الْحَلَاوَةِ.

ഈ ആശയത്തെ ദൃഢീകരിച്ചുകൊണ്ടാണ് നബി (ﷺ) തങ്ങൾ ഇപ്രകാരം അരുളിയത്: “വിശ്വാസിയുടെ നിയ്യത്ത് അവൻ്റെ കർമ്മത്തേക്കാൾ പ്രസക്തമാണ്.” പണ്ഡിതന്മാർ ഇതിന് അർത്ഥം നൽകിയത് ഇങ്ങനെയാണ്: ഒരു വിശ്വാസി ഒരു അമൽ പൂർത്തിയാക്കുമ്പോൾ, അടുത്ത അമലിനായി അവൻ്റെ നിയ്യത്തിനെ തയ്യാർ ചെയ്യും”. ഇവിടെ, ‘പൂവ്’ എന്നത് നിയ്യത്തിനെയാണ് സൂചിപ്പിക്കുന്നത്, ‘ഫലം’ എന്നത് സൽകർമ്മങ്ങളെയും. ‘പാകമാകലിന്റെ ആരംഭം’ എന്നത് കർമ്മങ്ങളിൽ സുന്നത്ത് (കുറിപ്പ്: പ്രവാചകചര്യ) പിന്തുടരുന്നതിനെയാണ് അർത്ഥമാക്കുന്നത്. നബി (ﷺ) തങ്ങൾ അരുളിയത് പോലെ: “നിശ്ചയം, അല്ലാഹു ഒരുവൻ്റെ കർമ്മം അവൻ അതിനെ പൂർണമാകുന്നത് വരെ സ്വീകരിക്കുകയില്ല.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേ, അതിനെ പൂര്ണമാകുക എന്നതെന്താണ്?” അവിടുന്ന് (ﷺ) പറഞ്ഞു: “അതിനെ രിയാഇൽ (കുറിപ്പ്: ജനങ്ങളെ കാണിക്കാനുള്ള പ്രവൃത്തി) നിന്നും ബിദ്അത്തിൽ നിന്നും ശുദ്ധമാക്കൽ ആണ്”. അതിനാൽ, ഒരു കർമ്മത്തിൽ സുന്നത്ത് ഉപേക്ഷിക്കുന്നത് ആ കർമ്മത്തിലെ ഒരു വൈകല്യമാണ്. അത് അതിൻ്റെ പാകമാകലിന് തടസ്സമാകും. അങ്ങനെ, ഒരു കർമ്മം പാകമാകുന്നില്ലെങ്കിൽ, അത് മാധുര്യത്തിൻ്റെ പൂർണ്ണതയിൽ എത്തുകയില്ല എന്നത് തീർച്ചയാണ്.

وَيَرِدُ عَلَى هَذَا الْمَعْنَى بَحْثٌ دَقِيقٌ؛ لِأَنَّ الثَّمَرَةَ إِذَا لَمْ يَبْدُ صَلَاحُهَا لَا يَجُوزُ بَيْعُهَا بِمُقْتَضَى مَنْعِ الشَّارِعِ عَلَيْهِ السَّلَامُ ذَلِكَ. وَالْبَيْعُ فِي هَذِهِ الثَّمَرَةِ هُوَ الْقَبُولُ؛ لِقَوْلِهِ عَزَّ وَجَلَّ: ﴿إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ﴾ [التوبة: 111].

ഈ ആശയത്തെക്കുറിച്ച് ഒരു സൂക്ഷ്മമായ ചർച്ച കടന്നുവരുന്നുണ്ട്. കാരണം, ഒരു ഫലം പാകമാകുന്നതിന് മുമ്പ് അത് വിൽക്കുന്നത് ശരീഅത്ത് അനുവദിക്കുന്നില്ല. നബി (ﷺ) അപ്രകാരം വിലക്കിയിട്ടുണ്ട്. ഇവിടെ, ഈ ഫലത്തിൻ്റെ ‘വിൽപന’ എന്നത് അല്ലാഹുവിൻ്റെ അടുത്തുള്ള അതിന്റെ സ്വീകാര്യതയാണ്. അല്ലാഹു തആലയുടെ ഈ വചനം അതിന് തെളിവാണ്: “തീർച്ചയായും, അല്ലാഹു സത്യവിശ്വാസികളിൽ നിന്ന് അവരുടെ ആത്മാക്കളെയും സമ്പത്തുകളെയും വാങ്ങിച്ചിരിക്കുന്നു, അവർക്ക് സ്വർഗ്ഗമുണ്ട് എന്ന വ്യവസ്ഥയിൽ. إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ” 

وَلِهَذَا الْمَعْنَى أَشَارَ عَلَيْهِ السَّلَامُ بِقَوْلِهِ: “إِنَّ اللَّهَ لَا يَقْبَلُ عَمَلَ امْرِئٍ حَتَّى يُتْقِنَهُ.” فَإِذَا لَحِقَتِ الْعَاهَةُ فَلَا إِتْقَانَ، فَلَا يَكُونُ قَبُولٌ. وَهَذِهِ هِيَ دَائِرَةُ بَعْضِ الْعَوَامِّ لِجَهْلِهِمْ بِالسُّنَّةِ، وَإِنْ كَانَ بَعْضُهُمْ يَدَّعِي عُلُومًا فَإِنَّ كُلَّ عِلْمٍ يَجْهَلُ صَاحِبُهُ السُّنَّةَ دَاخِلٌ تَحْتَ قَوْلِهِ عَلَيْهِ السَّلَامُ: “إِنَّ مِنَ الْعِلْمِ لَجَهْلًا.”

ഈ ആശയത്തെയാണ് നബി (ﷺ) തങ്ങളുടെ ഈ വചനം ചൂണ്ടിക്കാണിക്കുന്നത്: “നിശ്ചയം, അല്ലാഹു ഒരുവൻ്റെ കർമ്മം അവൻ അതിനെ പൂർണമാകുന്നത് വരെ സ്വീകരിക്കുകയില്ല.” അതുകൊണ്ട്, ഒരു വൈകല്യം കർമ്മത്തെ ബാധിച്ചാൽ, അവിടെ പൂർണ്ണതയില്ല; സ്വാഭാവികമായും (അല്ലാഹുവിന്റെ അടുക്കാനുള്ള) സ്വീകാര്യതയും ഇല്ല. ഇത് ചില സാധാരണക്കാരുടെ അവസ്ഥയാണ്, സുന്നത്തിനെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മ കാരണമാണിത്. അവരിൽ ചിലർ പല അറിവുകളും അവകാശപ്പെടുന്നുണ്ടെങ്കിലും, സുന്നത്തിനെക്കുറിച്ച് അജ്ഞനായ ഏതൊരു അറിവും നബി (ﷺ) തങ്ങളുടെ ഈ വാക്കുകളുടെ പരിധിയിൽ വരും: “തീർച്ചയായും ചില അറിവുകളിൽ ഉറപ്പായും അജ്ഞതയുണ്ട്.”

وَتَنَاهِي الطِّيبِ إِنَّمَا يَكُونُ لِلْخَوَاصِّ. وَكَيْفِيَّةُ تَنَاهِي الطِّيبِ فِي الْعَمَلِ هُوَ أَنْ يَعْمَلَ الْعَمَلَ حُبًّا فِي اللَّهِ وَفِي رَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى مَا جَاءَ فِي الْحَدِيثِ، لَا يُرِيدُ غَيْرَ ذَلِكَ، فَيَكُونُ عَمَلُهُ مَشْكُورًا؛ لِقَوْلِهِ عَزَّ وَجَلَّ: ﴿إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ، لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا. وَكَانَ سَعْيُكُمْ مَشْكُورًا﴾ [الإنسان: 9-22].

കർമ്മങ്ങളുടെ പരമമായ സുഗന്ധം എന്നത് പ്രത്യേകക്കാരായ ആളുകൾക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. കർമ്മത്തിൽ ഈ പരമമായ സുഗന്ധം കൈവരിക്കുന്നത് എങ്ങനെയാണെന്നാൽ: ഹദീസിൽ വന്നിട്ടുള്ളതുപോലെ, ഒരുവൻ തൻ്റെ കർമ്മം അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും (ﷺ) ഉള്ള സ്നേഹത്തിൽ അധിഷ്ഠിതമായി ചെയ്യുന്നതിലൂടെയാണ്. അതിനപ്പുറം മറ്റൊന്നും അവൻ ഉദ്ദേശിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ അവൻ്റെ കർമ്മം അംഗീകരിക്കപ്പെട്ടതും പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. അല്ലാഹു (سبحانه وتعالى) പറഞ്ഞിട്ടുള്ളത് പോലെ: “(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല اِنَّمَا نُطْعِمُكُمْ لِوَجْهِ اللّٰهِ لَا نُرِیْدُ مِنْكُمْ جَزَآءً وَّلَا شُكُوْرًا . നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ وَّكَانَ سَعْیُكُمْ مَّشْكُوْرًا.”

فَلِأَجْلِ هَذِهِ النِّسْبَةِ وَهَذَا الِاتِّحَادِ الَّذِي بَيْنَ الشَّجَرَةِ وَالْإِيمَانِ عَبَّرَ عَلَيْهِ السَّلَامُ فِي الْحَدِيثِ بِالْحَلَاوَةِ وَلَمْ يُعَبِّرْ بِغَيْرِهَا لِيَقَعَ الْمِثَالُ فِي كُلِّ الْحَالَاتِ. وَمِنْهُ قَوْلُهُ عَلَيْهِ السَّلَامُ: “النَّاسُ كَشَجَرٍ ذَاتِ جَنَاوِي وَيُوشِكُ أَنْ يَعُودَ كَشَجَرٍ ذَاتِ شَوْكٍ…” الْحَدِيثُ. فَشَبَّهَهُمْ عَلَيْهِ السَّلَامُ أَيْضًا بِالشَّجَرِ وَهُمْ كَذَلِكَ لَا شَكَّ فِيهِ؛ لِأَنَّ مَنْ تَقَدَّمَ مِنَ السَّلَفِ كَانَ إِيمَانُهُمْ كَامِلًا بِتَتَبُّعِهِمْ لِلْأَمْرِ وَالنَّهْيِ وَحُبِّهِمْ لِلَّهِ وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّصِيحَةِ الَّتِي كَانَتْ بَيْنَهُمْ، حَتَّى لَقَدْ كَانُوا إِذَا الْتَقَى بَعْضُهُمْ مَعَ بَعْضٍ يَقُولُونَ: “تَعَالَ نُؤْمِنُ!” فَكَانَتْ شَجَرَةُ إِيمَانِهِمْ تَنَاهَتْ فِي الطِّيبِ وَالْحَلَاوَةِ.

വൃക്ഷവും ഈമാനും തമ്മിലുള്ള ഈ ബന്ധവും ചേർച്ചയും കാരണമാണ്, നബി (ﷺ) തങ്ങൾ ഹദീസിൽ ‘മാധുര്യം’ എന്ന പദം ഉപയോഗിച്ചത്; മറ്റൊന്നും ഉപയോഗിക്കാതിരുന്നതും. കാരണം, ഈ ഉപമ എല്ലാ സാഹചര്യങ്ങളിലും ചേരുന്ന ഒന്നാണ്. അവിടുത്തെ മറ്റൊരു വചനം ശ്രദ്ധിക്കുക: “ജനങ്ങളെല്ലാം കായ്ഫലങ്ങളുള്ള വൃക്ഷങ്ങൾ പോലെയാണ്, എന്നാൽ ഒരു കാലത്ത് അവ മുള്ളുകളുള്ള വൃക്ഷങ്ങളായി മാറും…” (ഹദീസ്). ഇവിടെയും നബി (ﷺ) ജനങ്ങളെ വൃക്ഷങ്ങളോട് ഉപമിച്ചിരിക്കുന്നു. ഇത് തീർത്തും ശരിയാണ്, സംശയമില്ല. കാരണം, മുൻ കഴിഞ്ഞ സലഫുസ്സാലിഹീങ്ങളുടെ (കുറിപ്പ്: സദ്‌വൃത്തരായ പൂർവ്വികരുടെ) ഈമാൻ പരിപൂർണ്ണമായിരുന്നു. കൽപ്പനകൾ പിൻപറ്റിയും നിരോധനങ്ങൾ വെടിഞ്ഞും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (ﷺ) സ്നേഹിച്ചും അവർക്കിടയിലുണ്ടായിരുന്ന ആത്മാർത്ഥമായ ഉപദേശങ്ങളിലൂടെയും അവർ അത് കൈവരിച്ചു. എത്രത്തോളമെന്നാൽ, അവർ പരസ്പരം കണ്ടുമുട്ടുമ്പോൾ “വരൂ, നമുക്ക് ഈമാൻ പുതുക്കാം!” എന്ന് പറയുമായിരുന്നു. അങ്ങനെ, അവരുടെ ഈമാൻ ആകുന്ന വൃക്ഷം നന്മയിലും മാധുര്യത്തിലും പൂർണ്ണമായിരുന്നു.

وَأَمَّا الْيَوْمَ فَقَدْ ذَهَبَ ذَلِكَ وَظَهَرَ مَا أَخْبَرَ بِهِ عَلَيْهِ السَّلَامُ لِرُجُوعِهِمْ كَشَجَرٍ ذَاتِ شَوْكٍ؛ لِعَدَمِ اتِّبَاعِهِمْ لِلْأَمْرِ وَالنَّهْيِ، وَتَرْكِ النَّصِيحَةِ بَيْنَهُمْ، وَالْغِشِّ الَّذِي فِي صُدُورِهِمْ. فَرَجَعَ مَوْضِعُ النَّصِيحَةِ غِشًّا، وَمَوْضِعُ الِامْتِثَالِ مُخَايَفَةً. فَلَمْ يَبْقَ مَعَهُمْ مِنْ صِفَةِ الْإِيمَانِ فِي غَالِبِ أَحْوَالِهِمْ إِلَّا النُّطْقُ بِالْكَلِمَةِ، وَمَا عَدَاهَا مِنَ الْأَفْعَالِ بِصَدَمَا يَقْتَضِيهِ الْإِيمَانُ. فَبَقِيَ لَهُمُ الْأَصْلُ وَذَهَبَتْ ثَمَرَتُهُ الَّتِي هِيَ الْأَعْمَالُ، كَمَا هِيَ شَجَرَةُ السِّدْرِ مَعَ شَجَرَةِ الثَّمَرِ إِذَا أَبْدَأَتْ مَكَانَهَا فَالْأُولَى كَانَتْ تُطْعِمُ الثَّمَرَ وَلَهُ حَلَاوَةٌ وَالثَّانِيَةُ تُنْبِتُ الشَّوْكَ. هَذَا هُوَ حَالُ عَامَّتِهِمُ الْيَوْمَ، اللَّهُمَّ إِلَّا الْقَلِيلَ النَّادِرَ؛ لِقَوْلِهِ عَلَيْهِ السَّلَامُ: “لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ إِلَى قِيَامِ السَّاعَةِ لَا يَضِيرُهُمْ مَنْ خَالَفَهُمْ.”

എന്നാൽ ഇന്ന് ആ അവസ്ഥയെല്ലാം മാറിയിരിക്കുന്നു. നബി (ﷺ) അരുളിയത് പോലെ, ജനങ്ങൾ മുള്ളുകളുള്ള വൃക്ഷങ്ങളായി മാറിയിരിക്കുന്നു. കാരണം, അവർ കൽപ്പനകൾ അനുസരിക്കാതിരിക്കുകയും നിരോധനങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയും ചെയ്തു. പരസ്പരമുള്ള ഗുണകാംക്ഷ അവർക്കിടയിൽ ഇല്ലാതായി, അവരുടെ ഹൃദയങ്ങളിൽ വഞ്ചന നിറഞ്ഞു. അങ്ങനെ, ഉപദേശത്തിൻ്റെ സ്ഥാനം വഞ്ചനയും, അനുസരണയുടെ സ്ഥാനം ഭയപ്പാടുമായി മാറി. അങ്ങനെ, ഇന്ന് അവരിൽ അധികം പേർക്കും ഈമാൻ്റെ സ്വഭാവം എന്നത് കലിമ ഉച്ചരിക്കുക എന്നത് മാത്രമായി അവശേഷിച്ചിരിക്കുന്നു. അതിനപ്പുറമുള്ള പ്രവർത്തനങ്ങൾ ഈമാൻ ആവശ്യപ്പെടുന്നതിന് വിപരീതമായിരിക്കുന്നു. അതിനാൽ, അവർക്ക് അടിസ്ഥാനം ബാക്കിയായി, എന്നാൽ കർമ്മങ്ങളാകുന്ന അതിൻ്റെ ഫലം ഇല്ലാതായി. ഇത് സിദ്ർ വൃക്ഷവും ഫലങ്ങളുള്ള വൃക്ഷവും പോലെയാണ്, ആദ്യത്തേത് (കുറിപ്പ്: ഫലങ്ങളുള്ള വൃക്ഷം) മാധുര്യമുള്ള ഫലങ്ങൾ നൽകിയിരുന്നു. എന്നാൽ രണ്ടാമത്തേത് (സിദ്ർ വൃക്ഷം) മുള്ളുകളാണ് മുളപ്പിക്കുന്നത്. ഇതാണ് ഇന്നത്തെ സാധാരണക്കാരുടെ അവസ്ഥ, അല്ലാഹു അനുഗ്രഹിച്ച, വളരെ അപൂർവമായ ചിലരൊഴികെ. കാരണം, നബി (ﷺ) തങ്ങൾ അരുളിയിട്ടുണ്ട്: “എൻ്റെ സമുദായത്തിൽ ഒരു വിഭാഗം അന്ത്യനാൾ വരെ സത്യത്തിൽ ഉറച്ചുനിൽക്കും. അവരെ എതിർക്കുന്നവർക്ക് അവരെ ദ്രോഹിക്കാൻ കഴിയില്ല.”

فَهَذِهِ الطَّائِفَةُ الَّتِي أَخْبَرَ بِهَا عَلَيْهِ السَّلَامُ هِيَ الَّتِي لَمْ تَزَلْ ثَمَرَتُهَا تُطْعِمُ وَتَتَنَاهَى فِي الْحَلَاوَةِ كَمَا كَانَ السَّلَفُ رَضِيَ اللَّهُ عَنْهُمْ. وَلَوْلَاهُمْ مَا أَمْطَرَتِ السَّمَاءُ قَطْرَةً وَلَا أَنْبَتَتْ خُضْرَةً، وَلَوَقَعَ الْهَلَاكُ بِمَنْ تَقَدَّمَ ذِكْرُهُمْ. وَلَكِنَّهُ عَزَّ وَجَلَّ يُمْهِلُهُمْ لِمُجَاوَرَتِهِمْ لِأَهْلِ الْإِيمَانِ الْمُتَحَقِّقِينَ إِكْرَامًا لِأَوْلِيَائِهِ وَتَرْفِيعًا. جَعَلَنَا اللَّهُ مِنْ أَوْلِيَائِهِ بِمَنِّهِ وَيُمْنِهِ.

നബി (ﷺ) തങ്ങൾ അറിയിച്ച ഈ വിഭാഗം, അവരുടെ ഈമാൻ ആകുന്ന വൃക്ഷത്തിൽ നിന്ന് മാധുര്യമാർന്ന ഫലങ്ങൾ നൽകുന്നത് നിർത്താത്തവരാണ്. സലഫുസ്സാലിഹീങ്ങളുടെ (رضي الله عنه) ഈമാൻ പോലെയാണിത്. അവർ ഇല്ലായിരുന്നെങ്കിൽ, ആകാശം ഒരു തുള്ളി വെള്ളം പോലും വർഷിക്കുമായിരുന്നില്ല, ഭൂമിയിൽ ഒരു പച്ചപ്പും മുളക്കുമായിരുന്നില്ല. കൂടാതെ, മുമ്പ് പറഞ്ഞ ആ ആളുകൾക്ക് നാശം സംഭവിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, അല്ലാഹു അവരെ (കുറിപ്പ്: നന്മയില്ലാത്തവരെ) ശിക്ഷിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്, യഥാർത്ഥ വിശ്വാസം നേടിയെടുത്ത ഈ ആളുകളുമായി (കുറിപ്പ്: ഔലിയാക്കളുമായി) അവർ ഇടപഴകുന്നത് കാരണമാണ്. ഇത് തൻ്റെ ഔലിയാക്കളോടുള്ള ആദരവും അവരുടെ പദവി ഉയർത്തലുമാണ്. അല്ലാഹു തൻ്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും നമ്മെയും അവൻ്റെ ഔലിയാക്കളിൽ ഉൾപ്പെടുത്തുമാറാകട്ടെ, ആമീൻ!